ഡബ്ലിന്‍: സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ പോര്‍ച്ചുഗലിന് അപ്രതീക്ഷിത തോല്‍വി.
ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന് എതിരായ എവേ മത്സരത്തിലായിരുന്നു റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ടത്. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ട്രോയ് പാരറ്റിന്റെ (17, 45) ഇരട്ടഗോള്‍ ബലത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് 2-0ന് പോര്‍ച്ചുഗലിനെ കീഴടക്കി. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കായി പോര്‍ച്ചുഗലിന് ഗ്രൂപ്പിലെ അവസാന റൗണ്ടുവരെ കാത്തിരിക്കണം.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഞായറാഴ്ച രാത്രി 7.30ന് അര്‍മേനിയയെ നേരിടും. അന്നു ജയിച്ചാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കും. സമനിലയോ തോല്‍വിയോ നേരിട്ടാല്‍, ഹംഗറി x അയര്‍ലന്‍ഡ് മത്സരഫലം ആശ്രയിച്ചുമാത്രമേ പോര്‍ച്ചുഗലിനു നേരിട്ടു യോഗ്യത ലഭിക്കൂ.
226ല്‍ ആദ്യ ചുവപ്പ്
റൊണാള്‍ഡോയുടെ രാജ്യാന്തര കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡാണ്. രാജ്യാന്തര ഫുട്ബോളില്‍ കഴിഞ്ഞ 225 മത്സരങ്ങളിലും ചുവപ്പ്കാര്‍ഡ് കണ്ടില്ലെന്ന റിക്കാര്‍ഡ് ഡബ്ലിനില്വച്ചു തകര്‍ന്നു. മത്സരത്തിന്റെ 61-ാം മിനിറ്റിൽ അയര്‍ലന്‍ഡ് ഡിഫെന്‍ഡര്‍ ദാര ഒഷിയയ്ക്കെതിരേ കൈമുട്ടു പ്രയോഗം നടത്തിയ കുറ്റത്തിനായിരുന്നു ചുവപ്പുകാർഡ്. ഫൗളില്‍ റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് റൊണാള്‍ഡോയ്ക്കു നല്‍കിയത്. തുടര്‍ന്ന് വിഎആര്‍ പരിശോധന നടത്തിയ റഫറി മഞ്ഞയ്ക്കു പകരം ചുവപ്പുകാര്‍ഡ് ഉയര്‍ത്തി.
സിആര്‍7ന് ലോകകപ്പ് നഷ്ടം?
ചുവപ്പുകാര്‍ഡ് കണ്ടതോടെ ലോകകപ്പ് മത്സരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച അര്നേനിയയ്ക്കെതിരായ മത്സരം സിആര്‍7നു നഷ്ടപ്പെടും. ഒന്നിലധികം മത്സരങ്ങളില്‍ വിലക്കുണ്ടെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളും റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടുമെന്നതും വാസ്തവം.